മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി പോലീസ് മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിഷ്ണുവിനെ കാണാതായിട്ട് ആറ് ദിനങ്ങള്‍ പിന്നിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് പൊലീസിനോട് പറഞ്ഞത്. വിഷ്ണുവിന്റെ ഫോണ്‍ ഓണായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാല്പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. മനപ്രയാസത്തില്‍ പല ബസുകള്‍ കയറി ഇറങ്ങി ഊട്ടിയിലെത്തുകയായിരുന്നു.
ഊട്ടിയില്‍ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണു പറയുന്നു. ഈ വിളി പിന്തുടര്ന്നാണ് പൊലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പാണ് പണത്തിന്റെ ആവശ്യത്തിനായി വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി.