രാജ്യത്തിനും ഇടതുപക്ഷത്തിനും പാര്‍ട്ടിക്കും കൂടുതല്‍ സാന്നിധ്യം ആവശ്യമായിരുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് സഖാവ് സീതാറാം യെച്ചൂരി വിടപറഞ്ഞതെന്ന് മന്ത്രി പി.രാജീവ്. ഏതു പ്രതിസന്ധിഘട്ടത്തിലും പതറാതെ പ്രത്യയശാസ്ത്ര തെളിമയോടെയും രാഷ്ട്രീയവ്യക്തതയോടെയും നിലപാട് സ്വീകരിക്കാനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കാനും സഖാവ് യച്ചൂരിക്ക് കഴിഞ്ഞിരുന്നു. ഞാന്‍ കോളേജ് വിദ്യാര്‍ത്ഥിയായി സംഘടന പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് സഖാവ് സീതാറാമിനെ ആദ്യമായി കാണുന്നത്. പിന്നീട് മൂന്നുദശകത്തിലധിക കാലം എത്രയോ വേദികളില്‍ അദ്ദേഹത്തിന്റെ പരിഭാഷകനായി കേരളത്തിലുടനീളം സഞ്ചരിച്ചു. സമ്മേളനങ്ങള്‍, റിപ്പോര്‍ട്ടിങ്ങ്, പൊതുയോഗം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സന്ദര്ദങ്ങള്. കാവ്യാത്മകമായിരുന്നു പ്രസംഗം, എന്നാല്‍ ആശയസമ്പന്നം. രാഷ്ട്രിയ തെളിമയോടെ എല്ലാവര്ക്കും മനസ്സിലാകും വിധം ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചു. കേംബ്രിഡ്ജിലും ഹാര്വാര്ഡിലുമുള്ള അക്കാദമിക സമൂഹത്തോടും തെരുവിലെ സാധാരണ ജനങ്ങളോടും അവരവരുടെ ഭാഷയില്‍ സഖാവ് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.
സോവിയറ്റ് യൂണിയന്റെ’ തകര്‍ച്ച സൃഷ്ടിച്ച പ്രതിസന്ധിയില്‍ ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഒന്നിച്ചണിനിരത്തിയ കൊല്‍ക്കത്ത സമ്മേളനത്തിന്റെ പ്രധാന സംഘാടകന്‍ സീതാറാമായിരുന്നു. പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സീതാറാം അവതരിപ്പിച്ച ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെ സംബന്ധിച്ച പ്രമേയം പകര്‍ന്ന് നല്കിയ ദിശാബോധം വിവരാണാതിതമാണ്. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ്സിലും പ്രത്യയശാസ്ത്ര പ്രമേയം അവതരിപ്പിച്ചതും സഖാവായിരുന്നു.എല്ലാ മനുഷ്യരോടും സഖാവ് തുല്യതയോടെ പെരുമാറി. മറ്റു സഖാക്കള്‍ക്ക് ഉത്തരവാദിത്തം പകര്‍ന്നു നല്കി. രാജ്യസഭ അംഗമായി പ്രവര്‍ത്തിക്കാന്‍ സന്ദര്‍ഭം ലഭിച്ചപ്പോഴാണ് അദ്ദേഹവുമായി കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. സഖാവ് ലീഡറും ഞാന്‍ ഡെപ്യൂട്ടി ലീഡറുമായി പ്രവര്‍ത്തിച്ച കാലം ഏറ്റവും സജീവമായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്ന ഘട്ടത്തില്‍ പ്രസിഡണ്ടിന്റെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് സഖാവ് സീതാറാമും ഞാനും ചേര്‍ന്ന് അവതരിപ്പിച്ച ഭേദഗതി പാസ്സായത് ചരിത്രത്തിലെ ആദ്യ അനുഭവമായിരുന്നു. പരസ്പരം ഏറ്റുമുട്ടുന്ന രാഷ്ട്രീയ നേതാക്കളെവരെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി ഐക്യത്തോടെ അണിനിരത്താന്‍ കഴിയുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു സഖാവ് സീതാറാം. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം സഖാവിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സവിശേഷ അനുഭവമായിരുന്നു. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഒടുവില്‍ കണ്ടത്. പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യത്തെ പ്രയോഗത്തിലേക്ക് കൊണ്ടുവന്ന സഖാവായിരുന്നു സീതാറം.അകാലത്തിലെ വിയോഗം പെട്ടെന്ന് സൃഷ്ടിച്ച ശൂന്യതയുടെ ആഴത്തെ എങ്ങനെയാണ് മറിക്കടക്കുകയെന്നും പി.രാജീവ് ചോദിച്ചു.