തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ വൈദ്യുതി ബില്ല് മലയാളത്തിലും ലഭിക്കും. ഇംഗ്ലീഷില്‍ ലഭിക്കുന്ന ബില്ലുകളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ഇബിയുടെ നടപടി. മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് നല്‍കാനുള്ള സംവിധാനം ഉണ്ടാകും. വൈദ്യുതി ബില്ല് എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണിലേക്ക് അയച്ച് മെസേജ് ആയും ഇ- മെയിലായും നല്‍കും. കെഎസ്ഇബി ആപ്പിലൂടെയും wss.kseb.in എന്ന വെബ്‌സൈറ്റിലൂടെയും ബില്ല് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
എനര്‍ജി ചാര്‍ജ്, ഡ്യൂട്ടി ചാര്‍ജ് ഫ്യുവല്‍സര്‍ ചാര്‍ജ്, മീറ്റര്‍ വാടക എന്നിവ എന്താണെന്നും എങ്ങനെയാണിത് കണക്കാക്കുന്നതെന്നും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങളും മലയാളത്തില്‍ ലഭ്യമാക്കും. വൈദ്യുതി ബില്‍ ഡിമാന്‍ഡ് നോട്ടീസ് മാത്രമല്ല, വിച്ഛേദിക്കല്‍ നോട്ടീസ് കൂടിയാണ്. ബില്ലില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പാണ്. നിശ്ചിത തീയതിക്കുള്ളില്‍ ബില്ല് അടക്കാത്തപക്ഷം മറ്റൊരു മുന്നറിയിപ്പ് കൂടാതെ ഫ്യൂസ് ഊരാനുള്ള പൂര്‍ണ അധികാരം ജീവനക്കാര്‍ക്കുണ്ട്. മെസേജിലൂടെയും വിളിച്ചും ഓര്‍മിപ്പിക്കാറുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.