ന്യൂഡല്‍ഹി: ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസാപ്രവാഹം. പ്രസിഡന്റ് ദ്രൗപതി മുര്‍മുവും നിരവധി മുഖ്യമന്ത്രിമാരും ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കളും പ്രധാനമന്ത്രിയുടെ ക്ഷേമത്തിനായി ആശംസകള്‍ നേര്‍ന്നു. ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ ഭുവനേശ്വറിലെ ഗഡകാനയില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച 26 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഗഡകാന ചേരിയില്‍ അല്പസമയം ചെലവൊഴിക്കുകയും ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയും ചെയ്യും. സുഭദ്ര യോജനയുടെ ഉദ്ഘാടനത്തിനായി അദ്ദേഹം പിന്നീട് ജനതാ മൈതാനം സന്ദര്‍ശിക്കും.
മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഭുവനേശ്വറിലും ജനത മൈതാനിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് പലയിടങ്ങളിലും ഓട്ടോറിക്ഷകളും യാത്ര നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സൂറത്തിലെ വ്യാപാരികളും ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ സംഘടനകളും വ്യക്തികളും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ബിജെപി സംഘടിപ്പിക്കുന്ന സേവാ പര്‍വ് എന്ന ആഘോഷത്തിനും ഇന്ന് തുടക്കമാകും.
ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാന ക്യാംപുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ നൂറാം ദിനവും ഇന്ന് തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 2024 ലും ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായ മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡും മോദി സ്വന്തമാക്കി.