കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കും. ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രഡ്ജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് നീക്കം. ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ വെസല്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക. ഡ്രഡ്ജര്‍ ഷിരൂരിലെത്തുന്നതോടെ തിരച്ചില്‍ ആരംഭിക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ പെട്ടെന്ന് തന്നെ തിരച്ചില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. നാവികസേനാസംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.
ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഇന്നലെയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറാണ് ഇത്. വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാനും കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍.