അമിത ജോലിഭാരത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് 26 കാരി മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. അന്ന സെബാസ്റ്റ്യന്‍ എന്ന മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മരണവാര്‍ത്ത രാജ്യമൊട്ടാകെ ചര്‍ച്ചയാവുകയാണ്. അന്ന പൂനെയിലുള്ള പ്രമുഖ ബഹുരാഷ്ട്ര അക്കൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യില്‍ ചാര്‍ട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇവിടെ നിന്നും മനുഷ്യത്വ രഹിതമായ തൊഴില്‍ പീഡനം മകള്‍ നേരിട്ടുവെന്നാണ് അന്നയുടെ അമ്മ അനിത അഗസ്റ്റിന് ഇവൈ കമ്പനിയുടെ ഇന്ത്യന്‍ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങള്‍. ഈ തുറന്ന കത്തിലൂടെയാണ് വിഷയത്തിന്റെ ഗൗരവം ലോകമറിയുന്നത്.
നിരവധി തവണ അമിത ജോലിഭാരത്തെക്കുറിച്ച് മകള്‍ പറഞ്ഞിരുന്നു. രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് മകള്‍ തയ്യാറായിരുന്നില്ലെന്നും ഇനി ഒരു മാതാപിതാക്കള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ചൂണ്ടികാണിച്ചുകൊണ്ട് കമ്പനി ചെയര്മാന് കുടുബം കത്ത് നല്കി. അമിത ജോലിഭാരത്തെ തുടര്‍ന്നാണ് മകള്‍ കുഴഞ്ഞുവീണ് മരിച്ചെതെന്നും കുടുംബം പരാതിപ്പെട്ടു. ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും അമിത വര്‍ക്ക് കൊടുക്കുമായിരുന്നു. കുറച്ചു നാളുകളായി മകള്‍ ഭക്ഷണവും ഉറക്കവുമില്ലാതെ അസ്വസ്ഥയായിരുന്നുവെന്നും പിതാവ് പറഞ്ഞു. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്നും കുടുംബം പരാതിപ്പെട്ടു.