കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി തേടിയുള്ള സമരത്തില്‍ നിന്ന് പിന്മാറി ജൂനിയര്‍ ഡോക്ടര്‍മാര്‍. 41 ദിവസമായി തുടരുന്ന സമരമാണ് ഭാഗികമായി അവസാനിപ്പിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും സുരക്ഷ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയതോടെയാണ് ഈ തീരുമാനം.
അതേ സമയം, അത്യാഹിത വിഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ ജോലിക്ക് പ്രവേശിക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്താണ് കടുത്ത സമരത്തില്‍ നിന്ന് പിന്മാറുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം തുടരും. സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്‍ക്കത്ത സ്വാസ്ത്യ ഭവനില്‍ നിന്ന് സിബിഐ ഓഫീസിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് റാലി സംഘടിപ്പിക്കും.