തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കല്ലിശേരി മഴുക്കീര്‍മേല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ‘സദ്ഗുരുവേ ജയ’ എന്ന ശ്രീനാരായണ കീര്‍ത്തനം ചൊല്ലിയതിന് സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി ആര്‍എസ്എസ്. ക്ഷേത്രത്തിലെ സന്ധ്യാപ്രാര്‍ത്ഥന നടക്കുമ്പോഴാണ് ‘സദ്ഗുരുവേ’ എന്ന കീര്‍ത്തനത്തിന് ആര്‍എസ്എസ് വിലക്കേര്‍പ്പെടുത്തിയത്. ഈഴവ സമുദായാംഗങ്ങളായ സ്ത്രീകളാണ് കീര്‍ത്തനം ചൊല്ലിയത്.ശ്രീനാരായണ ഗുരുവിന്റെ കീര്‍ത്തനം ക്ഷേത്രത്തില്‍ പാടില്ലെന്നും സ്ത്രീകളോട് ഇറങ്ങിപ്പോകാനും മേപ്രം ശാഖയിലെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രോശിച്ചു. പ്രാര്‍ത്ഥന ഒരു സമുദായത്തെ മാത്രം ഉദ്ദേശിച്ചല്ലെന്ന് സ്ത്രീകള്‍ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രാര്‍ത്ഥനാ പുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം വന്നതാണ് എതിര്‍പ്പിന് കാരണമായത്.
അതേ സമയം, ശ്രീനാരായണഗുരുദേവനെ നിന്ദിച്ചവര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബുധന്‍ പകല്‍ 4.30 ന് കല്ലിശേരി ജങ്ഷനില്‍ പ്രതിഷേധയോഗവും തുടര്‍ന്ന് ക്ഷേത്രകവാടത്തിന് മുന്നില്‍ ഗുരുദേവനാമജപയജ്ഞവും നടത്താന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചു. ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീകള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഉമയാറ്റുകര എസ്എന്‍ഡിപി ശാഖയിലെ സ്ത്രീകളാണ് ഇവര്‍. ക്ഷേത്ര ഭരണസമിതിയിലും ആചാരങ്ങളിലും പങ്കെടുക്കുന്ന ഈഴവ സമുദായാംഗങ്ങള്‍ കടുത്ത ജാതിവെറി നേരിടുന്നതായി എസ്എന്‍ഡിപി ഉമയാറ്റുകര ശാഖാ സെക്രട്ടറി സതീഷ് കല്ലുപറമ്പിലിന് പരാതി നല്‍കി.