Newsperseconds.com

ജലമാമാങ്കത്തിനൊരുങ്ങി ആലപ്പുഴ; 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കാന്‍ 74 വള്ളങ്ങള്‍

Untitled 1

70-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കാന്‍ ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറിയുള്ളത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാര്‍ട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്. വള്ളംകളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Share this Article

Leave a Comment