ഹരിയാന, ജമ്മുകാശ്മീര്‍ നിയമസഭകളിലേയ്ക്കുള്ള ജനവിധി അറിയാന്‍ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റംബര്‍ 15, 25 ഒക്ടോബര്‍ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്. ഹരിയാനയില്‍ ഒറ്റഘട്ടമായി ഒക്ടോബര്‍ 5നായിരുന്നു തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി പ്രത്യേക ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.
ജമ്മുവില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. മൂന്നാമതും ഹരിയാനയില്‍ അധികാരത്തില്‍ വരുമെന്നും പ്രദീപ് പ്രതികരിച്ചു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം.