Newsperseconds.com

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു

Untitled 1

കൊല്ലം: നടന്‍ ടി.പി മാധവന്‍ അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ ചെയ്താണ് സിനിമയില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ഹാസ്യ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി, തുടര്‍ന്ന് സ്വഭാവ വേഷങ്ങളിലേക്ക് മാറി.

ഇന്ത്യന്‍ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സെലക്ഷന്‍ കഴിഞ്ഞ് കൈകള്‍ ഒടിഞ്ഞപ്പോള്‍ പിന്‍മാറേണ്ടി വന്നു. പിന്നീട് 1960-ല്‍ ബോംബെയിലെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് ബാംഗ്ലൂരില്‍ ഒരു പരസ്യ ഏജന്‍സി തുടങ്ങി. 1975-ല്‍ പുറത്തിറങ്ങിയ രാഗം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1994-1997 കാലഘട്ടത്തില്‍ താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും 2000-2006 കാലഘട്ടത്തില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ബോളിവുഡിലെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണ്.

മാധവന്‍ സിനിമയിലേക്ക് വരുന്നത് നടന്‍ മധുവിന്റെ പ്രേരണയിലാണ്. അക്കാല്‍ദമ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ചെറിയ ഒരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. അതിനു ശേഷം സിനിമാഭിനയത്തിനായി മദ്രാസിലേക്ക് പോയി. സിനിമാഭിനയത്തിന് പോയതോടെ ഭാര്യ സുധ അദ്ദേഹത്തില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു.

തിരുവിതാംകൂറിലെ തിരുവനന്തപുരത്ത് എന്‍.പി.പിള്ളയുടെയും സരസ്വതിയുടെയും മൂത്ത മകനായാണ് മാധവന്‍ ജനിച്ചത്. മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുടെ അനന്തരവനും പ്രമുഖ ഭാഷാ പണ്ഡിതന്‍ പി.കെ.നാരായണപിള്ളയുടെ ചെറുമകനുമാണ്. പിതാവ് കേരള സര്‍വ്വകലാശാലയിലെ ഡീന്‍ ആയിരുന്നു. ഡോ. ഭീം റാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

 

Share this Article

Leave a Comment