ഇന്ത്യ-മാലിദ്വീപ് ബന്ധം കൂടുതല്‍ കൂട്ടിയുറപ്പിച്ച് ഇന്ത്യ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്വന്തം പേയ്മെന്റ് സംവിധാനമായ റുപേ കാര്‍ഡ് സേവനങ്ങള്‍ മാലിദ്വീപില്‍ ആരംഭിക്കാന്‍ ധാരണയായി. റുപേ കാര്‍ഡ് പേയ്മെന്റിന്റെ ആദ്യ ഇടപാടിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡന്റ് മുയിസുവും സാക്ഷ്യം വഹിച്ചു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തി.കൂടിക്കാഴ്ചയ്ക്ക് ശേഷം, മോദിയും മുയിസുവും സംയുക്ത പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഇന്ത്യയില്‍ താമസിക്കാനെത്തുന്ന മാലിദ്വീപുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് ഏറെ സൗകര്യപ്രദമായിരിക്കും. അധികം വൈകാതെ ദ്വീപ് രാഷ്ട്രത്തില്‍ യുപിഐ സേവനങ്ങളും ആരംഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴിയുള്ള ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി റുപേ കാര്‍ഡ് ഉപയോഗിക്കപ്പെടുത്താം. വളരെ സുരക്ഷിതമായ ഒരു നെറ്റ് വര്‍ക്കാണ് റുപേ. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് റുപേ കാര്‍ഡ് നല്‍കുന്നത്. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളില്‍ 42.4 ദശലക്ഷത്തിലധികം പിഒഎസ് മെഷീനുകളിലും 1.90 ദശലക്ഷത്തിലധികം എടിഎമ്മുകളിലും കാര്‍ഡ് സ്വീകരിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും ഈ കാര്‍ഡ് ലഭ്യമാണ്.