ടാറ്റ സണ്സിന്റെ ചെയര്മാനും പ്രമുഖവ്യവസായിയുമായ രത്തന് ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്ഡി ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. നിരവധി രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും രത്തന് ടാറ്റയുടെ മരണത്തില് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി.
വ്യവസായ പെരുമയില് ലോകം കണ്ട വ്യവസായി ആയിരുന്നു ടാറ്റ. വാണിജ്യലോകത്തെ മനുഷ്യസ്നേഹി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്, ഉപ്പ് മുതല് സോഫ്റ്റ് വെയര് വരെ ടാറ്റയുടെ കരസ്പര്ശമെത്തിച്ച മേധാവി എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ്. അദ്ദേഹത്തിന്റെ വിയോഗത്തില് കുടുംബവും അനുശോചിച്ചു.
രത്തന് ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്കും. രാവിലെ 10 മുതല് നാലു വരെ സൗത്ത് മുംബൈയിലെ എന്സിപിഎ (നാഷണല് സെന്റര് ഫോര് പെര്ഫോമിംഗ് ആര്ട്സ്)യില് ഭൗതിക ശരീരം പൊതുദര്ശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വെര്ലിയിലെ പൊതുശ്മശാനത്തില് സംസ്കാരം നടക്കും.
തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പതിവ് പരിശോധനകള് മാത്രമാണെന്നായിരുന്നു അദ്ദേഹം എക്സില് കുറിച്ചത്. എന്നാല് ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.