ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂർ ജയിലിലേക്ക് മാറ്റി. വിയൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് സുനിയെ മാറ്റിയത്.
വിയ്യൂർ അതീവ സുരക്ഷ ജയിലിൽ നിരന്തരമുണ്ടാകുന്ന സംഘർഷങ്ങളെ തുടർന്ന് കൊടി സുനിക്ക് മർദ്ദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതി. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ജയിലിലെ സംഘർഷത്തെ തുടർന്ന് പത്തുപേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു.
ജയിൽ ജീവനക്കാർക്കുനേരെയും പ്രതികളുടെ ഭാഗത്തുനിന്നും മർദ്ദനം ഉണ്ടായതായി എഫ്ഐആറിൽ പറയുന്നു. മുൻപും ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരുക്കേറ്റിരുന്നു.
നിലവിലുണ്ടായ സംഘർഷത്തിൽ വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകൾ കൊടിസുനിയ്ക്കും മറ്റു പ്രതികൾക്കും എതിരെ ചുമത്തിയിട്ടുണ്ട്. ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. കേസിലെ അഞ്ചാം പ്രതിയാണ് കൊടിസുനി.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിൽ നിന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിച്ചിരുന്നു.