കാസര്‍കോട്: ഓട്ടോ ഡ്രൈവറെ മര്‍ദിച്ച എസ്.ഐ അനൂപിനെതിരെ നടപടി. കാസര്‍കോട് സ്റ്റേഷനിലെ എസ്.ഐ പി. അനൂപിനെയാണ് നടപടിയുടെ ഭാഗമായി സസ്പെന്ഷന് നല്‍കിയത്. കേസിന്റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നൗഷാദിനെ എസ്.ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴും എസ്.ഐ നൗഷാദിനെ മര്‍ദിക്കുന്നത് തുടരുകയാണ്. സംഭവത്തിന് പിന്നാലെ എസ്.ഐക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുനല്‍കാത്തതില്‍ മനംനൊന്ത് ജില്ലയില്‍ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്. ഇയാളെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓട്ടോറിക്ഷ വിട്ട് നല്‍കാത്തത് സംബന്ധിച്ച് അബ്ദുല്‍ സത്താര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതിന് ശേഷം ജീവനൊടുക്കുകയായിരുന്നു.