Newsperseconds.com

എഡിജിപി മനോജ് എബ്രഹാമിന് വെല്ലുവിളിയായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതി ഉത്തരവിട്ട അന്വേഷണം; എടുത്ത് ചാടിയുള്ള നടപടികള്‍ വേണ്ടെന്ന് തീരുമാനം

Untitled 1

തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതി ഉത്തരവിട്ട അന്വേഷണം പോലീസിന് വെല്ലുവിളിയാകാന്‍ സാധ്യത. എഡിജിപി അജിത് കുമാറിന് പകരം ചുമതലയേറ്റ എഡിജിപി മനോജ് എബ്രഹാമിന് മുന്നിലെത്തുന്ന ആദ്യത്തേ അന്വേഷണമാണ് മുഖ്യമന്ത്രിയുടേത്. കോടതി ഉത്തരവ് പാലിക്കുകയും എന്നാല്‍ പ്രതിഭാഗത്ത് മുഖ്യമന്ത്രി ആയതിനാലും കേസ് വെല്ലുവിളി നിറഞ്ഞതാണ്.
അല്ലാത്ത പക്ഷം വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കേസ് പോകും. മുഖ്യമന്ത്രിക്കോ പോലീസിനോ എതിരെ കോടതിയില്‍ നിന്നും ഭാവിയില്‍ വിമര്‍ശനം ഉയര്‍ന്നാല്‍ അത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ പോലും ബാധിക്കും. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തില്‍ കരുതലോടെ നീങ്ങാന്‍ കൊച്ചി പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

നവകേരളയാത്രയ്ക്കിടെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതേ സമയം, കോടതിയില്‍ നിന്ന് ഇതുവരെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഈ കേസില്‍ എടുത്തുചാടിയുള്ള നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി. മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കുന്ന സാഹചര്യമുണ്ടായാല്‍ അത് രാഷ്ട്രീയമായി വലിയ ചര്‍ച്ചയാകും. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക. പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് കോടതി തള്ളിയാല്‍ അത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.

Share this Article

Leave a Comment