ഹിസ്ബ്-ഉത്-തഹ്റിര്‍ (എച്ച്.യു.ടി.) രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദ സംഘടനയെന്ന് കണ്ടെത്തി ഇന്ത്യയില്‍ നിരോധിക്കാന്‍ ആര്‍ജ്ജവം കാണിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി. ആഭ്യന്തര സുരക്ഷയ്ക്കും ജനാധിപത്യത്തിനും സംഘടന ഭീഷണിയാണ്. ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഇത്തരത്തിലുള്ള സംഘടനയെ അറുത്തുമാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിച്ച് ഇന്ത്യ ഉള്‍പ്പെടെ ആഗോളതലത്തില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഒരു സംഘടനയാണ് ഹിസ്ബുത്തഹ്റീറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്യുടി ലക്ഷ്യമിടുന്നത് ജിഹാദിലൂടെയും തീവ്രവാദത്തിലൂടെയും ഭാരതത്തെ ഇസ്ലാമിക് രാഷ്ട്രമാക്കാനാണ്. ഭീകരതയുടെ ശക്തികളെ കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. ജെറുസലേമില്‍ രൂപം കൊണ്ട എച്ച്.യു.ടി ലോകത്തെമ്പാടും വേരുകളുള്ള സംഘടനയായി തീരുകയാണ്. അതിനിടയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം മോദി സര്‍ക്കാര്‍ നിരോധിച്ചത്.
എച്ച്.യു.ടി രാജ്യത്തെ യുവാക്കളെ അപകടകരമാം വിധം സ്വാധീനിച്ച് ഐസിസ് പോലെയുള്ള തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. തീവ്രവാദ സംഘടനകള്‍ക്കായി എച്ച്.യു.ടി. അനധികൃതമായി പണം സമ്പാദിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം. തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുകളെടുക്കണമെന്നും ഇത്തരം സംഘടനകളെ രാജ്യത്ത് നിന്ന് തുടച്ച് നീക്കണമെന്നും ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി പറഞ്ഞു.