മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖ് ശനിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. മഹാരാഷ്ട്ര മുന്‍ മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അജിത് പവാറിന്റെ വിഭാഗത്തിലെ നേതാവുമായ സിദ്ദിഖിന് ബാന്ദ്രയിലെ നിര്‍മല്‍ നഗറിന് സമീപത്ത് നിന്നാണ് വെടിയേറ്റത്. വെടിയേറ്റ് പരിക്കേറ്റ അദ്ദേഹം ശനിയാഴ്ച രാത്രി ലീലാവതി ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. വെടിയേറ്റ് മരിച്ച സിദ്ദിഖിന്റെ കുടുംബത്തെ കാണാനും അനുശോചനം അറിയിക്കാനും സല്‍മാന്‍ ശനിയാഴ്ച രാത്രി ലീലാവതി ആശുപത്രിയിലെത്തിയിരുന്നു.
ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഗാലക്സി അപ്പാര്‍ട്ട്മെന്റിലാണ് സല്‍മാന്‍ ഖാന്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. കഴിഞ്ഞ വിഷു ദിനത്തില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവിടെ വെടിവെപ്പ് നടത്തിയിരുന്നു. അതിന് ശേഷം നടന്റെ വീടിന് സുരക്ഷയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ ഒന്നുകൂടി വര്‍ധിപ്പിച്ചു.