കൊച്ചി: പറവൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കള്‍ക്കും തിരികെ നല്‍കി ലുലുഗ്രൂപ്പ്. മണപ്പുറം ഫിനാന്‍സ് ജപ്തി ചെയ്ത വീടാണ് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് പലിശയടക്കം തിരിച്ചടച്ച് താക്കോല്‍ കൈമാറിയത്. ഒപ്പം 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി സന്ധ്യയുടെയും മക്കളുടെയും പേരില്‍ നല്‍കും. കൂടാതെ ഇവരുടെ കടബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു.
സന്ധ്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് വീട് ജപ്തി ചെയ്തത്. വീട്ടിലെ ഒരു സാധനങ്ങള്‍ പോലും എടുക്കാന്‍ സന്ധ്യക്ക് സാധിച്ചില്ല. വീട്ടില്‍ കയറാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സന്ധ്യ. പിന്നാലെയാണ് ലുലുഗ്രൂപ്പ് വായ്പ് ഏറ്റെടുക്കുകയും രാത്രി തന്നെ കുടുംബത്തിന് വീട്ടില്‍ തിരികെ പ്രവേശിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തത്.
2019- ലാണ് സന്ധ്യ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തത്. ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായിട്ടായിരുന്നു പണം വായ്പയെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ച് പോയിരുന്നു.