തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി റവന്യു മന്ത്രി കെ രാജന്‍. നവീന്‍ ബാബു റവന്യു കുടുംബത്തിലെ ഒരു അംഗമാണ്. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ ദുഃഖം ഉണ്ടാക്കുന്നതാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തുമെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവീനെ കുറിച്ച് ഇതുവരെ ഒരു മോശമായ പരാതിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വ്യക്തിപരമായ എന്റെ അറിവ് അനുസരിച്ച് നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് എഡിഎം എന്ന കണ്ണൂരിലെ ചുമതലയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയത്. 2025 മാര്‍ച്ച്, ഏപ്രില്‍ സമയത്ത് വിരമിക്കും എന്നത് കൊണ്ട് കുറച്ചുകാലം നാട്ടില്‍ ജോലി ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ണൂരിലെ ജില്ലാ കലക്ടറോട് അടിയന്തരമായി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.