കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ ആയിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പുലര്‍ച്ചെ നാലരയോടെയാണ് ആത്മഹത്യ ചെയ്തത്. യാത്രയയപ്പിന് ധരിച്ചിരുന്ന അതേ വസ്ത്രത്തിലായിരുന്നു നവീന്‍ മരിച്ചുകിടന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വിമര്‍ശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് പറഞ്ഞു. എന്നാല്‍ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.