പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും ഡിജിപിക്കും പരാതി നല്‍കി സഹോദരന്‍ പ്രവീണ്‍ ബാബു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ വ്യക്തിക്കും എതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
‘കുടുംബത്തിന് നീതി ലഭിക്കണം. ഇതുവരെയും സഹോദരനെതിരെ ഒരു ആരോപണവും വന്നിട്ടില്ല. രണ്ടുദിവസം മുമ്പ് സഹോദരന്‍ ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷമായിരിക്കും സഹോദരന് മനോവിഷമം ഉണ്ടായത്’, പ്രവീണ്‍ ബാബു പറഞ്ഞു.
അതേ സമയം, നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നാളെ നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൃതദേഹം നവീന്‍ ബാബുവിന്റെ സ്വദേശമായ പത്തനംതിട്ടയില്‍ എത്തിക്കും. ഇന്ന് മൃതദേഹം പത്തനംതിട്ടയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ പൊതുദര്‍ശനം. ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടത്തും.