പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് കാണിച്ച ഡോ. പി സരിന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. സരിന്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയതായും മത്സരിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചതായുമാണ് വിവരം. ഇന്ന് രാവിലെ പത്ത് മണിയോടെ സരിന്‍ വാര്‍ത്തസമ്മേളനം നടത്തും. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സരിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പാലക്കാട് സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി സരിനെ പാര്‍ട്ടിക്കൊപ്പം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സരിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. നിലവില്‍ എല്‍ഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകള്‍കൊണ്ട് മാത്രമല്ല. സവര്‍ണ വോട്ടുകള്‍ ശ്രീധരനെ സഹായിച്ചിട്ടുണ്ട്.