വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ വിജയകരമായി പുരോഗമിക്കുമ്പോള്‍ വരുമാനത്തിലും വന്‍ കുതിപ്പ്. 2024 ജൂലൈ 11-ന് ട്രയല്‍ റണ്‍ ആരംഭിച്ച ശേഷം നികുതി ഇനത്തില്‍ ഒക്ടോബര്‍ 1 വരെയുള്ള കണക്ക് എടുക്കുമ്പോള്‍ 19 കപ്പലുകളിലായി ഇതിനകം 4.7 കോടി രൂപ സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ 26 കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട് ബാക്കിയുള്ള കപ്പലുകളില്‍ നിന്ന് ലഭിച്ച വരുമാനം കണക്കാക്കി വരുകയാണ്.
വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ തുറക്കുന്നതിന് മുമ്പ് ജൂലൈ 11 മുതല്‍ ഒക്ടോബര്‍ 1 വരെ 19 ഓളം കപ്പലുകള്‍ തുറമുഖത്ത് എത്തിയ വരുമാനം മാത്രമാണ് 4.7 കോടി രൂപ. 68000-കണ്ടെയ്നറുകള്‍ ആണ് തുറമുഖം ഇതുവരെ കൈകാര്യം ചെയ്തത്. 28 ചരക്കു കപ്പലില്‍ നിന്നാണ് ഇത്. പരീക്ഷണ കാലയളവില്‍ ദക്ഷിണേന്ത്യയിലെ തുറമുഖങ്ങള്‍ കൈകാര്യം ചെയ്ത കണ്ടെയ്നറുകളുടെ മൊത്തം അളവിന്റെ 10 ശതമാനമാണിത്. പദ്ധതിയിലൂടെ 50 ശതമാനം തദ്ദേശീയര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇതിനോടകം തുറമുഖത്ത് 56 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
24000 ത്തിലധികം കണ്ടെയ്നറുകള്‍ (TEU) വഹിക്കാന്‍ ശേഷിയുള്ളതാണ് വിഴിഞ്ഞം തുറമുഖം. MSC Claude Girardet എന്ന ഭീമന് കപ്പല്‍ ദക്ഷിണേഷ്യയില്‍ ആദ്യമായാണ് ഒരു തുറമുഖത്ത് ബെര്‍ത്ത് ചെയ്യുന്നത്. കൂടാതെ MSC Anna എന്ന കപ്പലില്‍ നിന്നും 10,000-ത്തിലധികം കണ്ടെയ്നറുകള്‍ (TEU) കയറ്റിറക്കുകള്‍ ചെയ്തതിലൂടെ ഒരു കപ്പലില്‍ ഏറ്റവും അധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത ഇന്ത്യയിലെ തുറമുഖം എന്ന നേട്ടവും വിഴിഞ്ഞത്തിന് ലഭിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് കമീഷനിങ് നടത്തി തുറമുഖം സമ്പൂര്‍ണ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുകളിലാണ്. ട്രയല്‍ റണ്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ കീഴിലുള്ള മെര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും തുറമുഖ സുരക്ഷിതത്വത്തിനും സൗകര്യങ്ങള്‍ക്കുമുള്ള ഐഎസ്പിഎസ് കോഡ് അംഗീകാരം 2029 വരെ ലഭിച്ചിരുന്നു. നിലവില്‍ ട്രാന്‍സ്ഷിപ്മെന്റാണ് തുറമുഖത്ത് നടക്കുന്നത്.
മദര്‍ഷിപ്പുകളില്‍ നിന്ന് കണ്ടെയ്നര്‍ ഇറക്കി ചെറുകപ്പലുകള്‍ എത്തി മറ്റു തുറമുഖങ്ങളിലേക്ക് ഇവ കൊണ്ടുപോകുന്നു. ട്രയല്‍ റണ്‍ കാലയളവില്‍ തന്നെ തുറമുഖത്തിന് കപ്പലുകളും ട്രാന്‍സ്ഷിപ്പ് കണ്ടെയ്നറുകളും കൈകാര്യം ചെയ്യാന്‍ തുടങ്ങിയെങ്കിലും അപ്രോച്ച് റോഡ, റെയില്‍ കണക്ടിവിറ്റി അടക്കം ചില പ്രവര്‍ത്തനങ്ങള്‍ പൂര്ത്തിയാക്കുന്നതോടെയാകും സമ്പൂര്‍ണ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുറമുഖം തയാറാകുക. 2028ല്‍ ആകും തുറമുഖത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുക. ഇതിനോട് അനുബന്ധിച്ച് ലോജിസ്റ്റിക് പാര്‍ക്കും സര്‍ക്കാര്‍ സജ്ജമാക്കും.