പാലക്കാട്: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പി സരിന് വന്‍ സ്വീകരണം നല്കി സിപിഐഎം. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. വലിയ സ്വീകരണമാണ് സരിന് നേതാക്കള്‍ നല്‍കിയത്.
ഓട്ടോയിലാണ് സരിന് ഡിസിയിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന് പ്രതികരിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വ്വഹിക്കും എന്നും സരിന് പറഞ്ഞു.
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരിനായിരിക്കും ജനവിധി തേടുക. സരിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന നിര്‍ദേശിക്കുകയായിരുന്നു. സിപിഐഎം സ്വതന്ത്രനായിട്ടായിരിക്കും വോട്ട് തേടുകയെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും.