ജീവിതത്തിന്റെ സമസ്ത മേഖലയിലും വിജയം കൈവരിച്ച ഗോകുലം ഗോപാലന്റേത് പുതിയ തലമുറയ്ക്ക് സാധനാപാഠമാവേണ്ട ജീവിതമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. കര്മമേഖലയില് 56 വര്‍ഷം പിന്നിട്ട ഗോകുലം ഗോപാലനെ ആദരിക്കാനായി ഓള് ഇന്ത്യ മലയാളി അസോസിയേഷനും മലബാര്ക്കൂട്ടായ്മയും ചേര്‍ന്ന് സംഘടിപ്പിച്ച സുകൃതപഥം പരിപാടിയില്‍ സൗഹൃദസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ മഹത്വം മനസ്സിന്റെ മഹത്വം കൂടിയാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഗോപാലന് ഉന്നതമേഖലയില്‍ വിരാജിക്കുമ്പോഴും വന്ന വഴികള്‍ മറന്നിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോടും യാതൊരു വിധ വേര്‍തിരിവും കാണിക്കാതെ തന്റെ എല്ലാ തൊഴിലാളികളെയും ചേര്‍ത്തുപിടിച്ച് വ്യത്യസ്ഥനാകുന്ന വ്യവസായി. സ്നേഹത്തിന്റേയും കരുണയുടേയും പ്രതീകമായി അദ്ദേഹം വളരുകയാണ്. രാജ്യം മൂന്നാം സാമ്പത്തിക ശക്തിയിലേക്ക് മുന്നേറുമ്പോള്‍ ഗോകുലം ഗോപാലനെപ്പോലുള്ള ബിസിനസ്സുകാര്‍ നാടിന്റെ ആവശ്യമായി മാറുന്നു. വ്യവസായി എന്ന നിലയില്‍ മാത്രമല്ല, ലോകമെങ്ങും ആദരിക്കപ്പെടുന്ന മലയാളി എന്ന നിലയിലും ഗോകുലം ഗോപാലന് ശ്രദ്ധേയനാണെന്ന് അദ്ദേഹം പറഞ്ഞു.