ഹരിയാന: ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊലപ്പെട്ട യുവാവ് കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം. ബംഗാള്‍ സ്വദേശിയായ സബീര്‍ മാലിക്ക് ആണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. മരണപ്പെട്ട് രണ്ട് മാസത്തിനു ശേഷമാണ് ബീഫ് അല്ലെന്ന ലാബ് റിപ്പോര്‍ട്ട് പൊലീസ് കുടുംബത്തെ അറിയിച്ചത്. ചര്‍കി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുവന്നിരിക്കുകയാണ്. സബീറിന്റെ മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സഹോദരന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് പൊലീസ് ഈ വിവരം കൈമാറിയത്.
ഓഗസ്റ്റ് 27ന് നടന്ന സംഭവത്തില്‍ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. സബീറിന്റൈ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു കടയിലേക്ക് വിളിച്ചുകൊണ്ടുവന്ന സംഘം, ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്നു. ശേഷം ഇയാള്‍ താമസിച്ചിരുന്ന കുടിലില്‍ മൃതദേഹം കൊണ്ടിടുകയായിരുന്നു.