ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ തമിഴ് മക്കളെ ആവേശം കൊള്ളിച്ച് നടന്‍ വിജയ്. കൈ ഉയര്‍ത്തി കൂപ്പിക്കൊണ്ട് ‘എന്നോടെ ഉയിര്‍ വണക്കങ്ങള്‍’ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. രാഷ്ട്രീയത്തില്‍ താന്‍ കുട്ടിയാണെന്നും എന്നാല്‍ രാഷ്ട്രീയമെന്ന പാമ്പിനെ കയ്യിലെടുക്കാന്‍ ഭയമില്ലെന്നും വിജയ് പറഞ്ഞു. നാമെല്ലാവരും സമമാണെന്നും സയന്‍സും ടെക്ക്‌നോളജിയും മാത്രം മാറിയാല്‍ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇതുവരെ ഉണ്ടായ രാഷ്ട്രീയ കഥകള്‍ പറഞ്ഞ് സമയം കളയാനില്ല. രാഷ്ട്രീയത്തില്‍ മാറ്റം വരണം, അല്ലെങ്കില്‍ വരുത്തണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. സിരിപ്പും സീരിയസ്നസും ചേര്‍ത്ത് രാഷ്ട്രീയമെന്ന പാമ്പിനെ കയ്യിലെടുക്കാന്‍ പോകുന്നു. രാഷ്ട്രീയം മാറിയില്ലെങ്കില്‍ പുതിയ ലോകം അതിനെ മാറ്റുമെന്നും വിജയ് പറഞ്ഞു. തമിഴ്നാടിന് വേണ്ടി പൊരുതിയവരാണ് തന്റെ വഴികാട്ടി. തലൈവര്‍ കാമരാജും ബി ആര്‍ അംബേദിക്കറിന്റെയുമെല്ലാം പാത പിന്തുടര്‍ന്ന് പോകും. പെരിയോറിന്റെ നയങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.
അതേ സമയം, ആദ്യ സമ്മേളനത്തില്‍ ഡിഎംകെയെ വിജയ് വിമര്‍ശിച്ചു. ഡിഎംകെ എപ്പോഴും ഫാസിസം എന്നാണ് പറയുന്നത്. ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. ഡിഎംകെ കുടുംബാധിപത്യ പാര്‍ട്ടിയാണെന്നും താരം വിമര്‍ശിച്ചു. രാഷ്ട്രീയത്തില്‍ ഇറങ്ങിയത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവര്‍ എന്നും തനിക്ക് ശത്രുക്കളായിരിക്കും. പണത്തിനു വേണ്ടി കൂടിയ കൂട്ടമല്ല തമിഴക വെട്രി കഴകം. ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ഈ ശക്തിയെ വീഴ്ത്താം എന്ന് കരുതരുത്. 2026 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അങ്കത്തിനായി ഒരു തീയതി കുറിക്കും. അന്ന് തമിഴ്ജനത ഒന്നായി ടിവികെ ചിഹ്നത്തില്‍ വോട്ട് ചെയ്യും എന്ന് വിജയ് പറഞ്ഞു. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തില്‍ പറഞ്ഞു.