പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട അനീഷ് എന്ന അപ്പുവിന്റെ ഭാര്യാ പിതാവ് പ്രഭുകുമാര്‍, അമ്മാവന് സുരേഷ് കുമാര്‍ എന്നിവരാണ് പ്രതികള്‍. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര് വിനായക റാവുവാണ് ശിക്ഷ വിധിച്ചത്.
സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. ഡിസംബര്‍ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം.