കൊച്ചി: തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ വന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദേഷ്യപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പൂരനഗരിയില്‍ ആംബുലന്‍സില്‍ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘പറയാന്‍ സൗകര്യമില്ല’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മാധ്യമങ്ങളോട് തന്റെ വഴിയില്‍ നിന്ന് മാറാനും സുരേഷ് ഗോപി ആക്രോശിച്ചു. അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ഗോപിയുടെ മറുപടി.
തൃശൂര്‍ പൂരസ്ഥലത്ത് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. താന്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പോയതെന്നും ആംബുലന്‍സില്‍ വന്നത് കണ്ടുവെന്നത് മായക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസം ചേലക്കരയില്‍ എന്‍ഡിഎ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. എന്നാല്‍ സുരേഷ് ഗോപി സേവഭാരതിയുടെ ആംബുലന്‍സില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.