തിരുവനന്തപുരം: വിവരാവകാശ പ്രകാരം ജനങ്ങള്‍ക്ക് വിവരം നല്കുന്നതില് അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന വിവരാവകാശക്കമ്മിഷന്. നികുതി വരുമാനത്തില്‍നിന്ന് ശമ്പളം പറ്റുന്നവര്‍ വിവരാവകാശ അപേക്ഷകളില്‍ കൃത്യസമയത്ത് മറുപടിനല്‍കാത്തത് വിമര്‍ശിച്ചാണ് വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കീമിന്റെ താക്കീത്. വിവരം നല്കാന് വൈകിയതിന് മൂന്ന് കേസില്‍ നിര്‍ണായക ഉത്തരവാണ് വിവരാവകാശ കമ്മീഷന് പുറപ്പെടുവിച്ചത്. അതോടൊപ്പം സ്വര്‍ണനികുതി വെട്ടിപ്പ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നീ രണ്ട് പ്രധാന കേസില്‍ക്കൂടി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചു.
ഒറ്റശേഖരമംഗലം സ്വദേശി എന്‍. സുരേന്ദ്രന് നെയ്യാറ്റിന്‍കര ഡി.ഇ.ഒ. ഓഫീസ് ഫയല്‍ വിവരങ്ങള്‍ നല്‍കാത്തതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ 8334 രൂപ വീതം പിഴയടയ്ക്കണമെന്നാണ് വിധി. ‘ജനങ്ങളെ ഭരണ വുമായി അടുപ്പിച്ച് അവര്‍ക്ക് പങ്കാളിത്തമുണ്ടാക്കുകയാണ് വിവരാവകാശ നിയമത്തിന്റെ ഉത്തരവാദിത്വം. ശത്രുവിനോടെന്ന പോലെ പൗരന്റെ കാര്യത്തില്‍ സാങ്കേതികത്വം പറയരുതെന്ന് അബ്ദുള്‍ഹക്കീം ഉത്തരവിട്ടു.
ആര്‍ക്ക് വേണ്ടിയാണോ വിവരാവകാശ നിയമമുണ്ടാക്കിയത് അവരുടെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടണം. സാമൂഹിക ശ്രേണിയിലെ അവസാനത്തെ പൗരന് പോലും അവകാശങ്ങള്‍ ലഭ്യമാക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ വിജയം. ഈ വിജയത്തിലെത്തിച്ചേരാനുള്ള പോരാട്ടത്തില്‍ സാധാരണക്കാരുടെ കയ്യിലുള്ള ആയുധമാണ് വിവരാവകാശ നിയമം. ഈ നിയമത്തെ അട്ടിമറിക്കാനുള്ള ഏതൊരു നടപടിയും തകര്‍ക്കുന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയായ മൗലികാവകാശങ്ങളെ മാത്രമല്ല, ഭരണഘടനയെത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
2020 ലെ കമ്മിഷന് ഉത്തരവ് ഉയര്‍ത്തിക്കാട്ടി നാലുവര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാംസ്കാരികവകുപ്പ് പുറത്തുവിട്ടില്ല. പലതരം തടസ്സവാദങ്ങളാണ് ഉന്നയിച്ചത്. കമ്മിഷന് പറഞ്ഞത് നടപ്പാക്കുമെന്നു സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ തര്‍ക്കം തീരേണ്ടതായിരുന്നു. സര്‍ക്കാര്‍ സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന റിപ്പോര്ട്ടിന്മേല് നല്ല ചര്‍ച്ചകള്‍ നടക്കാത്തതിന് ഉദ്യോഗസ്ഥരുടെ പിഴവും പിടിപ്പുകേടുമാണ് കാരണം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നു പറഞ്ഞതില്‍ വേട്ടക്കാരനോ ഇരയോ എന്ന വ്യത്യാസമില്ല. ഇനി വിവാദമുണ്ടാവരുതെന്നും കമ്മിഷന് വ്യക്തമാക്കി. ഹേമ കമ്മിറ്റി നിര്‍ദേശിച്ച ചില ഭാഗങ്ങള്‍ ഒഴിവാക്കിയെന്ന പരാതി പരിശോധിക്കാന്‍ മുഴുവന്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മിഷന് ഉത്തരവിട്ടതനുസരിച്ച് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വൈകീട്ട് അതു കൈമാറി.