തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കി 108 ആംബുലന്‍സ് ജീവനക്കാര്‍. 15 ദിവസത്തെ ശമ്പളം കൊടുത്ത് 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രതിഷേധം ശമിപ്പിക്കാന്‍ ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് കമ്പനി ശ്രമിച്ചെങ്കിലും ജീവനക്കാര്‍ സഹകരിച്ചില്ല. തങ്ങള്‍ക്ക് ലഭിക്കാനുള്ള രണ്ട് മാസ ശമ്പളം പൂര്‍ണമായും വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജീവനക്കാര്‍. കമ്പനിയുടെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ ജീവനക്കാര്‍ കമ്പനി ഓഫീസ് സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക് ഫെയ്സ് 1ലേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്തി.
അതേ സമയം, മാര്‍ച്ച് ഗേറ്റിനുമുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ടെക്നോപാര്ക്കിനുമുന്നില് ജീവനക്കാര്‍ ധര്‍ണ നടത്തി. സിഐടിയു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക പൂര്‍ണമായി നല്‍കുക, വേതന വര്‍ധന നടപ്പാക്കുക, അകാരണങ്ങള്‍ പറഞ്ഞ് തൊഴിലാളികളെ സ്ഥലം മാറ്റുന്ന നടപടികള്‍ ഉപേക്ഷിക്കുക, ശമ്പള തീയതി നിശ്ചയിച്ച് കരാര്‍ ഒപ്പുവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ഉള്‍പ്പെടെ 10 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടും നിഷേധ നിലപാടാണ് കമ്പനി സ്വീകരിക്കുന്നതെന്നാണ് ആരോപണം. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുകയാണ് യൂണിയന്. ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുംവരെ പണിമുടക്ക് തുടരുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.