കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നവംബര്‍ 8ന് വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് ദിവ്യയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചത്.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
പ്രതിഭാഗം ഓരോ കാര്യങ്ങളും പ്രത്യേകം പരാമര്‍ശിച്ച് ക്രിമിനല്‍ കുറ്റമല്ലെന്ന് വാദിക്കുകയാണ് എന്നതായിരുന്നു കുടുംബത്തിന്റെ വാദം. കളക്ടര്‍ കുടുംബത്തിന് അയച്ച കത്ത് വായിച്ച ശേഷം, കളക്ടര്‍ സൗഹാര്‍ദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥനല്ലെന്നും അവധി പോലും നല്‍കാറില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ ആരംഭിച്ച എസ്‌ഐടി ഇതുവരെ ഭാര്യയുടെ മൊഴി എടുത്തിട്ടില്ലെന്നും അതില്‍ ഇടപെടല്‍ സംശയിക്കുന്നുവേണും കുടുംബം ആരോപിച്ചു.