Newsperseconds.com

‘സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ അഭിമാനം’; പ്രശംസിച്ച് പ്രധാനമന്ത്രി; പുകഴ്ത്തിപ്പറയാന്‍ രാഹുല്‍ഗാന്ധിക്ക് വെല്ലുവിളി

Untitled 1

മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴാണ് വീര്‍ സവര്‍ക്കര്‍ മഹാരാഷ്ടയുടെ അഭിമാനമെന്ന് പറഞ്ഞത്. കോണ്‍ഗ്രസുകാര്‍ വീര്‍ സവര്‍ക്കറെ അധിക്ഷേപിക്കുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ വീര്‍ സവര്‍ക്കറെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് എംവിഎയുടെ ആളുകള്‍ കോണ്‍ഗ്രസിന്റെ യുവരാജിനൊപ്പം ഇരുന്നു പറഞ്ഞുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്നും നാസിക്കിലെ റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

സവര്‍ക്കറിനൊപ്പം പ്രധാനമന്ത്രി മോദി ബാലാസാഹെബ് താക്കറെയും പ്രശംസിച്ചു. സവര്‍ക്കറും ബാല്‍ താക്കറെയും മഹാരാഷ്ട്രയുടെ ബിംബങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇരുവരെയും പുകഴ്ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ ‘യുവരാജ്’ എന്ന് വിളിച്ച് കളിയാക്കിയ മോദി, സഖ്യകക്ഷികള്‍ സവര്‍ക്കറെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് രാഹുലിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും കളിയാക്കി. മഹാ വികാസ് അഘാടി നേതാക്കളായ ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും, രാഹുലിനെക്കൊണ്ട് സവര്‍ക്കറെ പുകഴ്ത്തിപ്പറയിക്കാന്‍ മോദി വെല്ലുവിളിക്കുകയും ചെയ്തു.

പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെയും മഹാ വികാസ് അഘാടി സഖ്യത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വികസന വിരോധികളായ മഹാവികാസ് അഘാഡിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് മോദി പറഞ്ഞു. കര്‍ണാടകത്തിലും തെലങ്കാനയിലും ഹിമാചല്‍പ്രദേശിലും കള്ളക്കഥകള്‍ മെനഞ്ഞാണ്
അധികാരത്തില്‍ എത്തിയതെന്നും അതോടെ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം കോണ്‍ഗ്രസ് മറന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. മറ്റ് പാര്‍ട്ടികളുടെ സഹായമില്ലാതെ എവിടെയും വിജയിക്കാന്‍ കോണ്‍ഗ്രസിന് പറ്റുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment