എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്.പി ശശിധരന് അന്വേഷണത്തിന്റെ ചുമതല നല്കാന് സര്‍ക്കാരിന് അനുമതി നല്കിയ ഉത്തരവിലാണ് ജസ്റ്റിസ് കെ.ബാബു ഇക്കാര്യം നിര്‍ദ്ദേശിച്ചത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥന് ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മാരാരിക്കുളം സ്വദേശി എം.എസ് അനില്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജി ഡിസംബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.
എസ്.എന്‍.ഡി.പി യൂണിയന് ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. യോഗം ദനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പ്രസിഡന്റ് എം എന്‍ സോമന്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ.കെ മഹേശന്, ദിലീപ്കുമാര് തുടങ്ങിയവരെ പ്രതിയാക്കിയാണ് കേസ്.