Newsperseconds.com

ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; പുതിയ സോഫ്റ്റ്‌വെയര്‍ ആയുധമൊരുക്കി പൊലീസ്

Untitled 1

തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാരത്തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയിലൂടെ രാജ്യത്തിന് പുറത്തെത്തിക്കുന്നത് തടയാന്‍ സോഫ്റ്റ്വെയര്‍ ആയുധമൊരുക്കി പൊലീസ്. ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സോഫ്റ്റ്വെയര്‍ സഹായത്തോടെ പ്രതിരോധമൊരുക്കുന്നത്. ഇതിനായി പൊലീസുദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ക്രിപ്‌റ്റോ കറന്‍സി അന്വേഷണ സെല്‍ രൂപീകരിക്കാനും ആലോചനയുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം രാജ്യത്തിന് പുറത്തേയ്ക്ക് എത്തിക്കാന്‍ ക്രിപ്റ്റോ കറന്‍സിയെയാണ് ആശ്രയിക്കുന്നത്. കീ നമ്പര്‍ മാത്രം ഉപയോഗിച്ചുള്ള ഇടപാടായതിനാല്‍ തട്ടിപ്പുകാരിലേക്ക് എത്താനാകുന്നില്ല. ബാങ്കുകള്‍ക്ക് പോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തില്‍ തട്ടിപ്പുകാരെ പൂട്ടാനാണ് പുതിയ ചെയിന്‍ അനാലിസിസ് സോഫ്റ്റ്വെയര്‍ എന്ന ആശയത്തിലേക്ക് പൊലീസ് കടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ വന്‍കിട ലഹരിസംഘങ്ങളും ആശ്രയിക്കുന്നത് ക്രിപ്‌റ്റോ കറന്‍സിയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ക്രിപ്‌റ്റോ വഴി കൈമാറുന്ന തുക ബാങ്കുകളില്‍ നിന്ന് പണമാക്കി മാറ്റിയാല്‍ പോലും അയച്ചത് ആരെന്ന് കണ്ടെത്തുക പ്രയാസമായിരിക്കും.

ക്രിപ്‌റ്റോയിലേക്ക് മാറ്റിയ തുക ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പോകുന്നുവെന്ന് കണ്ടെത്താനുമാകില്ല. ക്രിപ്‌റ്റോ കറന്‍സി വിലാസവും ഇതിന് പിന്നിലെ വ്യക്തിയെയും ബന്ധിപ്പിക്കുന്ന രേഖകളൊന്നുമില്ല എന്നതാണ് അന്വേഷണ സംഘങ്ങളെ കുഴക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഇടപാടുകള്‍ നിരീക്ഷിക്കാനുള്ള സോഫ്റ്റ്വെയര്‍ പരിശീലനം വൈകാതെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്രിപ്‌റ്റോ കറന്‍സി ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിക്കുന്നതിലേക്ക് കടക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതുവഴി ഓണ്‍ലൈന്‍ തട്ടിപ്പുവഴി വന്‍തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Share this Article

Leave a Comment