ആലപ്പുഴ: സംസ്ഥാനത്തെ കലക്ടറേറ്റുകളിലെ ആദ്യ വനിതാ ഡഫേദാര്‍ എന്ന നേട്ടം സ്വന്തമാക്കി ആലപ്പുഴ ചെത്തി സ്വദേശിനി അറയ്ക്കല്‍ കെ സിജി. വെള്ള ചുരിദാറും ചുവന്ന ക്രോസ്‌ബെല്‍റ്റും സര്‍ക്കാര്‍ മുദ്രയും ധരിച്ച് ആലപ്പുഴ കളക്ടറുടെ മുറിക്കു മുന്നില്‍ ഇനി സിജിയാണ് കാവല്‍. അടുത്ത ഡഫേദാര്‍ ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ തന്നെ സിജി പൂര്‍ണ്ണമനസ്സോടെ സമ്മതമറിയിച്ചു. ‘ചെത്തി’യെന്ന തീരഗ്രാമത്തില്‍ നിന്ന് 2000 ല്‍ ജി വി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാര്‍ഡ് നേടിയ സിജി 24 വര്‍ഷത്തിനിപ്പുറം അങ്ങനെ വീണ്ടും ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
ഇനി ആലപ്പുഴ കലക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ ഡഫേദാറായി (അകമ്പടി ജീവനക്കാരി) സദാസമയവും സിജിയുണ്ടാകും. തിങ്കളാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്. നിലവിലെ ഡഫേദാറിന് എല്‍ഡി ക്ലര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവു വന്ന തസ്തികയില്‍ മുന്‍ഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്. ”ഞാന്‍ ഏറെ ആഗ്രഹിച്ചതാണ്. അടുത്ത ഡഫേദാര്‍ ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ സമ്മതമറിയിച്ചു. വിരമിക്കാന്‍ 6 മാസം കൂടിയേയുള്ളൂ. നന്നായി പ്രവര്‍ത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലി ഏറ്റെടുത്തപ്പോള്‍ ഏറ്റവുമധികം പിന്തുണ തന്നത് കുടുംബമാണ്. കലക്ടറുടെ പിന്തുണയും സന്തോഷം തന്നു” – സിജി പറഞ്ഞു.
പവര്‍ലിഫ്റ്റിങ്ങില്‍ 1996, 1997, 1998 വര്‍ഷങ്ങളില്‍ ദേശീയ, സംസ്ഥാന മത്സരങ്ങളിലും 1995ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ മത്സരത്തിലും സ്വര്‍ണമെഡല്‍ നേടി. 2005 സെപ്തംബര്‍ ഏഴിന് സ്‌പോര്‍ട്സ് ക്വാട്ടയില്‍ കലക്ടറേറ്റില്‍ ഓഫീസ് അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിച്ചു. 2019ല്‍ കലക്ടറുടെ ചേംബറിലെത്തി. ജോസഫ് വി അറയ്ക്കലാണ് ഭര്‍ത്താവ്. ബിഎസ്സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനി വര്‍ണ ജോസഫ്, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വിസ്മയ ടി അറയ്ക്കല്‍ എന്നിവര്‍ മക്കള്‍.