തൃശൂര്‍: മാസങ്ങള്‍ നീണ്ട പ്രചരണങ്ങള്‍ക്കൊടുവില്‍ വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭമണ്ഡലവും ഇന്ന് വിധിയെഴുതും. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഏഴുമുതല്‍ പോളിങ് ആരംഭിച്ചു. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് പോകുകയാണ്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം ഒന്നടങ്കം കടന്നിരിക്കുകയാണ്. വാശിയേറിയ പ്രചരങ്ങള്‍ക്കും വാക്ക്‌പോരുകള്‍ക്കുമൊടുവില്‍ ജനവിധിക്കായി മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്ക് പകരമെത്തിയ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. വയനാട്ടുകാര്‍ കൂടെ നില്‍ക്കുമെന്നും പ്രിയങ്ക രാഹുലിന്റെ ഭൂരിപക്ഷത്തെ മറികടക്കുമെന്നും തന്നെയാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസും മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. 2.34 ലക്ഷം വോട്ടര്‍മരുളള വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാര്‍ 14,71,742. അതേ സമയം, വയനാട്ടില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ വോട്ടില്ല.ചേലക്കരയില്‍ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. ചേലക്കര മണ്ഡലത്തില്‍ 6 സ്ഥാനാര്‍ത്ഥികളാണുള്ളത്. ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.
അതേ സമയം, പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കി. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും. ഇരു മണ്ഡലത്തിലെ മുഴുവന്‍ പോളിങ് ബൂത്തുകളും കാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ വോട്ട് ചെയ്യല്‍ ഒഴികെയുള്ള മുഴുവന്‍ നടപടികളും പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും.