തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥ വിവാദം കത്തിനില്‍ക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഒരിടവേളയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുക്കുന്നത്. ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കുമെന്നാണ് സൂചന.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ചതി നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാണേണ്ട സമയത്ത് കാണാമെന്നായിരുന്നു ഇപിയുടെ പ്രതികരണം.
അതേ സമയം, ആത്മകഥ ഉള്ളടക്കം താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്നും പുറത്തുവരുന്നത് വ്യാജവാര്‍ത്തകളാണെന്നും ഇതിനോടകം ഇപി വ്യക്തമാക്കിയിരുന്നു. താന്‍ എഴുതുന്ന ആത്മകഥ പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്റെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ഇപി പറഞ്ഞിരുന്നു.