Newsperseconds.com

കടലില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിക്ക് തുടക്കമായി; ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു

Untitled 1

കേരളത്തിന്റെ തീരക്കടലില്‍ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്രിമപ്പാരുകള്‍ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം നോര്‍ത്ത് ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ സില്‍വര്‍ പൊമ്പാനോ ഇനത്തില്‍ പെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെയാണ് കടലില്‍ നിക്ഷേപിച്ചത്.

കൃത്രിമപ്പാരുകളുടെ കാര്യത്തില്‍ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്. എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. 60% ചെലവ് കേന്ദ്രവും 40% സംസ്ഥാനവും വഹിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക പ്രശ്‌നങ്ങളും മാലിന്യപ്രശ്‌നവും നിമിത്തം മത്സ്യ സമ്പത്തില്‍ വലിയ തോതിലുള്ള കുറവ് സംഭവിച്ച കാലമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കാനുള്ള പദ്ധതി ആരംഭിച്ചത്. മത്സ്യ ലഭ്യത കൂട്ടുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കടലില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയിലൂടെ സാധ്യമാകും. ഇതിന്റെ ഭാഗമായി നിക്ഷേപിക്കുന്ന 10 ലക്ഷം മത്സ്യകുഞ്ഞുങ്ങള്‍ വളര്‍ന്ന് 8 കിലോ തൂക്കം വരെ ആകുന്നവയാണെന്നും മന്ത്രി പറഞ്ഞു.

ഒന്‍പത് തീരദേശ ജില്ലകളിലും തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ 42 സ്ഥലങ്ങളിലായി 6,300 കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യഥാക്രമം 60 : 40 അനുപാതത്തില്‍ ആകെ 13.02 കോടി രൂപയുടെ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി. അതനുസരിച്ച് 6,300 കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുകയും ചെയ്തു.

Share this Article

Leave a Comment