കോഴിക്കോട്: ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ നടന്നിരുന്നു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു. രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. രാത്രിയിലും ബാങ്കിന് മുന്നില്‍ സമരം തുടരുകയാണ്.
നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. ഈ ഔദ്യോഗിക പാനലുമായി ഡിസിസി നേതൃത്വം പിണങ്ങി പോകുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. വാക്കതര്‍ക്കങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ മുഴുവന്‍ സീറ്റുകളിലും സിപിഎമ്മും കോണ്‍ഗ്രസ് വിമതരും വിജയിച്ചു. സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും വിജയിച്ചു. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് പാനല്‍ മത്സരിച്ചത്.11 അംഗ ഭരണ സമിതിയിലേക്ക് ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ജി സി പ്രശാന്തിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. 36,000ത്തോളം വോട്ടര്‍മാരില്‍ 9000ത്തില്‍ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്.