Newsperseconds.com

ഡല്‍ഹിക്ക് ആശ്വാസമേകി മഴ; ഒറ്റ-ഇരട്ട പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

Capture

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ഗണ്യമായി കുറച്ചുകൊണ്ട് മഴ ആശ്വാസം നല്‍കി. മഴ പെയ്തതേടെ നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെ നിശ്ചയിച്ചിരുന്ന ഒറ്റ-ഇരട്ട പദ്ധതിയുടെ നടത്തിപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു.

മഴയ്ക്ക് ശേഷമുള്ള കാലാവസ്ഥാ വ്യതിയാനം വായുവിന്റെ ഗുണനിലവാരത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 8-10 ദിവസങ്ങളില്‍ കാറ്റിന്റെ വേഗത നിശ്ചലമായതും താപനില കുറയുന്നതും കടുത്ത മലിനീകരണ തോതിലേക്ക് നയിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ പെയ്ത മഴ കാറ്റിന്റെ വേഗത കൂടുന്നതിനും മലിനീകരണ തോത് തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനും ഇടയാക്കി. അതോടെ ഒറ്റ-ഇരട്ട പദ്ധതി നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ദീപാവലിക്ക് ശേഷമുള്ള മലിനീകരണ തോത് സര്‍ക്കാര്‍ വിലയിരുത്തുകയും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതിയില്‍ നടന്ന ഹിയറിംഗില്‍ സര്‍ക്കാര്‍ വാദങ്ങള്‍ അവതരിപ്പിച്ചു. കോടതിയുടെ തീരുമാനം പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും റായ് പറഞ്ഞു.

ഡല്‍ഹി നിലവില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന് കീഴിലാണ്. അവശ്യ ചരക്കുകളും സേവനങ്ങളും ഒഴികെ ട്രക്ക്, ഡീസല്‍ ബസ് പ്രവേശനത്തിന് നിയന്ത്രണമുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹന പ്രവേശനങ്ങള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ ശരിയായ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ചെറിയ എന്‍ട്രി പോയിന്റുകളെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുവെങ്കിലും ഈ സ്ഥലങ്ങളില്‍ പോലും സൂക്ഷ്മമായ വാഹന പരിശോധനയ്ക്കായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഡല്‍ഹി പോലീസിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മലിനീകരണ തോത് കുറയ്ക്കാന്‍ പടക്കം പൊട്ടിക്കുന്നതിന് പകരം വിളക്കുകള്‍ കത്തിച്ച് ദീപാവലി ആഘോഷിക്കാന്‍ റായ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

Share this Article

Leave a Comment