പാലക്കാട്: വോട്ടെടുപ്പിന് തലേ ദിവസം തന്നെ സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയില്‍ അഡ്വറ്റോറിയല്‍ ശൈലിയില്‍ എല്‍ഡിഎഫ് നല്കിയ പരസ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഷാഫി പറമ്പില്‍ എംപി. പരസ്യത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഷാഫി പറഞ്ഞു. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പ്രീ സര്ട്ടിഫിക്കേഷന് വാങ്ങാതെ ഇത്തരത്തില്‍ പരസ്യം നല്‍കിയത് ബിജെപിയെ സഹായിക്കാനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത് വായനക്കാരന്റെ ജാതിയും മതവും നോക്കിയാണോയെന്നും ഷാഫി ചോദിച്ചു. ഇത്തരത്തിലൊരു പരസ്യത്തിനോട് ഒരു കാരണവശാലും പാലക്കാടിന് ക്ഷമിക്കാനോ, പൊറുക്കാനോ കഴിയില്ല. ഇന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ പരസ്യങ്ങള്‍ക്ക് പ്രീ സര്ട്ടിഫിക്കേഷന് നല്‍കിയിട്ടില്ല. എന്നാല്‍ ഇങ്ങനെയൊരു പരസ്യം ദേശാഭിമാനി പത്രത്തില്‍ കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.