അയ്യപ്പഭക്തര്‍ക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയില്‍ സര്‍വീസ് ക്രമീകരിച്ച് കെ.എസ്.ആര്.ടി.സി. ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും സര്‍വീസ് നടത്തും.നിലയ്ക്കല്‍ -പമ്പ ചെയിന്‍ സര്‍വീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കും. 192 ബസുകളാണ് ചെയിന്‍ സര്‍വീസിനായി നിലവില്‍ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ളോര്‍ എ.സി, ലോ ഫ്ലോര്‍ നോണ്‍ എ.സി. ബസുകള്‍ ഉള്‍പ്പെടെയാണിത്.
ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകള്‍ നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സര്‍വീസ് നടത്തി.വലിയ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തശേഷം കെ.എസ്.ആര്.ടി.സി. ബസ്സില്‍ വേണം പമ്പയിലെത്താന്‍. നിലയ്ക്കലിലെ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കരികിലേക്ക് തീര്‍ഥാടകര്‍ക്ക് എത്തുന്നതിന് ഏറെ പ്രയോജനപ്രദമാണിത്. ഇരുനൂറിനടുത്ത് ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തിക്കുന്നതിന് സ്പെഷ്യല്‍ സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.
പമ്പയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെ കെ.എസ്.ആര്.ടി.സി. നിയോഗിച്ചിട്ടുണ്ട്. ഒരു ബസിന് നാലുപേരെന്ന കണക്കില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് മെയിന്റനന്‍സ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ട്. അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സംവിധാനങ്ങളും ജീവനക്കാരും പമ്പയില്‍തന്നെയുണ്ട്.ജീവനക്കാര്‍ക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.