ഓസ്ട്രേലിയയിലെ നടപടിക്ക് പിന്നാലെ 16 വയസ്സിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍മീഡിയ നിരോധിക്കാനുള്ള തയ്യാറെടുപ്പില്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമുള്ളത് ചെയ്യുമെന്ന് യുകെ ടെക്നോളജി സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞു. യുവാക്കളിലെ സോഷ്യല്‍ മീഡിയകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
16 വയസുവരെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ലോകത്തിലാദ്യമായി കൊണ്ടുവന്നത് ഓസ്‌ട്രേലിയയിലാണ്. ഓസട്രേലിയ കമ്മ്യൂണിക്കേഷന്‍ മന്ത്രി മിഷേല്‍ റോളണ്ട് അവതരിപ്പിച്ച ബില്ല് ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പ്രാധാന്യം നല്‍കുന്നു. ബില്ല് പാസായാല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരു വര്‍ഷം വരെയെങ്കിലും സമയമെടുക്കും. കുട്ടികള്‍ അക്കൗണ്ട് എടുക്കുന്നത് തടഞ്ഞില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ബില്ലില്‍ പറയുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ 3.3 കോടി ഡോളര്‍ പിഴ നല്‍കേണ്ടി വരും.