എന്‍ഡിഎ മുന്നണിയും ഇന്‍ഡ്യ മുന്നണിയും മുഖാമുഖം നിന്ന് പോരാടിയ സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രധാന്യമുണ്ടായിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തുവന്നതോടെ എന്‍ഡിഎ തരംഗമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ ലീഡ് നില പുറത്ത് വന്നതോടെ 211 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം മുന്നിലെത്തി. ഇതോടെ എന്‍ഡിഎ കേവല ഭൂരിപക്ഷം തികച്ചു കഴിഞ്ഞു. ഇന്‍ഡി സഖ്യം 65 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ നേരിടേണ്ടി വന്നത്. അതേ സമയം, ജാര്‍ഖണ്ഡിലും 44 സീറ്റില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ ഇവിടെയും എന്‍ഡിഎ കേവല ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. 29 സീറ്റില്‍ ആണ് ഇന്‍ഡി മുന്നണി മുന്നില്‍. മാഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം അധികാരം തുടരുമെന്ന് തന്നെയാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നത്.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചിടത്തും ബിജെപി മുന്നിലാണ്. കുണ്ടര്‍ക്കി, ഖൈര്‍, ഗാസിയാബാദ്, ഫുല്‍പുര്‍, മജ്ഹവാന്‍ സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മീരാപ്പൂരില്‍ ബിജെപി സഖ്യകക്ഷിയായ ആര്‍എല്‍ഡിയാണ്. കര്‍ണാടകയില്‍ മക്കള്‍ രാഷ്ട്രീയം തോറ്റു. നിഖില്‍ കുമാരസ്വാമിയും ഭരത് ബൊമ്മെയും പരാജയപ്പെട്ടു. ചട്ടപട്ടണയിലാണ് കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനും ജെഡിഎസ് നേതാവുമായ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടത്. ഷിഗാവില്‍ ബസവരാജ് ബൊമ്മയുടെ മകന്‍ ഭരത് ബൊമ്മെയും പരാജയപ്പെട്ടു.