Newsperseconds.com

സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പദ്ധതി കൊല്ലത്ത്; വീടിനടുത്ത് തൊഴിലെടുക്കാന്‍ അവസരം

Untitled 1

വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കാന്‍ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പദ്ധതി കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയില്‍ ഒരുങ്ങുന്നു. വിജ്ഞാനാധിഷ്ഠിത, വിവരസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വിദൂരമായി ജോലികള്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് സ്‌പെയ്‌സുകളുടെ ഒരു ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക ലക്ഷ്യമിട്ടാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. മൂന്ന് വര്‍ഷം കൊണ്ട് ഒരു ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

രാജ്യത്തെ മെട്രോനഗരങ്ങളില്‍ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴില്‍ സൗകര്യം കേരളത്തിലെ ഒരു ചെറിയ പട്ടണത്തില്‍ സാധ്യമാക്കുകയാണ് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളി സൗഹൃദമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാനുമുള്ള സര്‍ക്കാര്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും പ്രവര്‍ത്തിക്കാനുള്ള സൗകര്യം വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ ലഭിക്കും. തൊഴില്‍ ഡിമാന്റുകള്‍ക്ക് അനുസരിച്ചുള്ള നൈപുണ്യ പരിശീലനത്തിനും ഐടി മേഖലകളിലെ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും വര്‍ക്ക് നിയര്‍ ഹോം വഴിയൊരുക്കുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനു സമീപത്തെ ബിഎസ്എന്‍എല്‍ കെട്ടിടമാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ആദ്യ ഹബ്ബ്, രണ്ട് നിലകളിലായി 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 220 പേര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമുണ്ടാകും. വാടക മണിക്കൂര്‍, ദിവസം, മാസം കണക്കിലാകും. ഓഫീസ് കോ-വര്‍ക്കിംങ് സ്റ്റേഷനുകളും കോണ്‍ഫറന്‍സ് സൗകര്യങ്ങളും കഫറ്റേരിയയും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും വര്‍ക്ക് നിയര്‍ ഹോമുകളില്‍ ഒരുക്കുന്നു.

ഇന്നത്തെ തൊഴില്‍ സംസ്‌കാരം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് വര്‍ക്ക് നിയര്‍ഹോം പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൊഴിലാളികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ദീര്‍ഘമായ യാത്രകളും തൊഴില്‍ ഇടവേളകളുമാണ്. പല ഐടി പ്രൊഫഷണലുകള്‍ക്കും, നഗര കേന്ദ്രങ്ങളിലേക്കുള്ള ദൈനംദിന യാത്രാക്ലേശം ഒരു പ്രധാന തടസ്സമാകുന്നുണ്ട്. ഇത് സമയനഷ്ടത്തിനും തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. കൊട്ടാരക്കര പോലുള്ള ചെറിയ പട്ടണങ്ങളില്‍ ഈ കാമ്പസുകള്‍ സ്ഥാപിക്കുന്നതിലൂടെ, യാത്രാ സമ്മര്‍ദം കുറയ്ക്കുകയും ജോലി ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രായോഗിക പരിഹാരം സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. വര്‍ക്ക് നിയര്‍ ഹോം ഹബ്ബില്‍ ആധുനിക ഇന്‍ഫ്രാസ്ട്രക്ചറും അത്യാധുനിക സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിലൂടെ നവീനമായ തൊഴില്‍സാധ്യതകളിലേക്ക് സമൂഹത്തെ പരിപോഷിപ്പിക്കാന്‍ സാധിക്കുന്നു. ചെറുപട്ടണങ്ങളെ തിരക്കേറിയ സാങ്കേതിക കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുക എന്നതിലുപരി പ്രാദേശിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

Share this Article

Leave a Comment