കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയെ വീണ്ടും മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനെ റിമാന്‍ഡ് ചെയ്തു. മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞാണ് ഇത്തവണ രാഹുല്‍ ഭാര്യ നീമയെ മര്‍ദ്ദിച്ചത്. എന്നാല്‍ പരാതിയില്ലെന്ന് നീമ ആദ്യം പറഞ്ഞത്. ചുണ്ടിനും ഇടത്തേ കണ്ണിനും പരിക്കുണ്ടെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിനാല്‍ വീണ്ടുമൊരു പരാതി നല്കാന് യുവതി ആദ്യം തയ്യാറായില്ല. എന്നാല്‍ മാതാപിതാക്കളെത്തി പൊലീസുമായി സംസാരിച്ചതിനു ശേഷമാണ് വീണ്ടും പരാതി നല്‍കിയത്.
അമ്മയെ വിളിച്ചതിനും രാഹുല്‍ നീമയെ ഉപദ്രവിച്ചിട്ടുണ്ട്. തുടര്‍ന്ന് വധശ്രമം, ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലിസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
2024 മെയ് അഞ്ചാം തീയതിയാണ് പന്തീരാങ്കാവ് ‘സ്നേഹതീര’ത്തില്‍ രാഹുല്‍ പി ഗോപാലും എറണാകുളം പറവൂര്‍ സ്വദേശിയായ നീമയും വിവാഹിതരായത്. 2024 മെയ് 12ാം തീയതിയാണ് ഗാര്‍ഹിക പീഡനക്കേസ് തുടങ്ങുന്നത്. ഭര്‍ത്തൃവീട്ടില്‍വെച്ച് നീമയെ രാഹുല്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു അന്നത്തെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിനെത്തിയപ്പോളാണ് മര്‍ദനവിവരം പുറത്തറിഞ്ഞതെന്നും അന്ന് പരാതിയിലുണ്ടായിരുന്നു. എന്നാല്‍ ആദ്യം പരാതി നല്‍കിയെങ്കിലും വാര്‍ത്തകള്‍ പരന്നതോടെ നീമ ഭര്‍ത്താവിനെതിരെയുള്ള പരാതി പിന്‍വലിച്ചു. സോഷ്യല്‍മീഡിയയും ചാനലുകളുമെല്ലാം നീമയുടെ ഭാഗം നിന്നിട്ടും രാഹുലിനെ അവര്‍ സ്വീകരിച്ചു.
പരാതി പിന്‍വലിച്ച് ഭര്‍ത്താവിനൊപ്പം സമാധാനപരമായി ജീവിക്കാന്‍ പോയ നീമക്കാണ് ഇപ്പോള്‍ വീണ്ടും മര്‍ദ്ദനമേറ്റിരിക്കുന്നത്.