Newsperseconds.com

ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പാകും അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി

Untitled 1

കോട്ടയം: ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സഹകരണ വകുപ്പ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ ‘അക്ഷരം’ കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഘട്ടമാണിത്. ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ്. മിക്കവാറും മ്യൂസിയങ്ങള്‍ ചരിത്രവസ്തുക്കളെ സംരക്ഷിക്കാനോ കലകളുടെയും കലാപ്രകടനങ്ങളുടെയും ചരിത്രം പ്രചരിപ്പിക്കുന്നതിനോ മഹദ് വ്യക്തികളുടെ ജീവിതം പ്രദര്‍ശിപ്പിക്കുന്നതിനോ ആയിരിക്കും.അതില്‍നിന്നെല്ലാം വ്യത്യസ്തമായ ആശയമാണ് അക്ഷരം മ്യൂസിയത്തിന്റെ സ്ഥാപനത്തിലൂടെ മുന്നോട്ടുവെക്കുന്നത്.

നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിച്ചുകൊണ്ട് വൈവിധ്യങ്ങളെ നിലനിര്‍ത്തണം എന്ന സന്ദേശമാണ് ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകര്‍ന്നു നല്‍കുന്നത്.15,000 ചതുരശ്രയടിയില്‍ ഒരുക്കുന്ന മ്യൂസിയം പൂര്‍ണമാകുന്നതോടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും എല്ലാം അടയാളപ്പെടുത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭാഷകളുടെ ചരിത്രവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അങ്ങനെ ലോകംതന്നെ ശ്രദ്ധിക്കുന്ന വിജ്ഞാനകേന്ദ്രമായി മ്യൂസിയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment