ന്യൂഡല്‍ഹി: ഹിന്ദു തീവ്രവാദ നേതാവിന്റെ വിദ്വേഷ പ്രസംഗം പങ്കുവെച്ച കേസില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി യുപി പൊലീസ്. ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച്, ഭാരതീയ അന്യായ സംഹിതയുടെ 152-ാം വകുപ്പാണ് യുപി പൊലീസ് കൂട്ടിച്ചേര്‍ത്തത്.
ബിഎന്‍എസ് സെക്ഷന്‍ 152 പ്രകാരം ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന കുറ്റം സുബൈറിനെതിരായ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. ഐടി ആക്ടിലെ സെക്ഷന്‍ 66 അവര്‍ ചേര്‍ത്തു, അത് ശത്രുത വളര്‍ത്തല്‍, വ്യാജ തെളിവുകള്‍ സൃഷ്ടിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് സൂചിപ്പിക്കുന്നത്.
ഹിന്ദു തീവ്രവാദി നേതാവ് യതി നരസിംഹാനന്ദിന്റെ സഹായിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സുബൈറിനെതിരെ ഗാസിയാബാദ് പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. മുസ്ലിംകള്‍ക്കെതിരെ അക്രമം അഴിച്ചുവിടാനാണ് സുബൈര്‍ നരസിംഹാനന്ദിനെ അവതരിപ്പിക്കുന്ന പഴയ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് യതി നരസിംഹാനന്ദ സരസ്വതി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഉദിത ത്യാഗി ആരോപിച്ചു.
ഒക്ടോബര്‍ എട്ടിനാണ് പൊലീസ് സുബൈറിനെതിരെ കേസെടുത്തത്. സെപ്റ്റംബര്‍ 29ന് സ്വാമി യതി നരസിംഗാനന്ദ് മുസ്ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. സുബൈര്‍ ഇതിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. ശേഷം ഒക്ടോബര്‍ മൂന്നിന്, നരസിംഗാനന്ദയുടെ പഴയ വീഡിയോ പോസ്റ്റ് ചെയ്ത് അദ്ദേഹത്തിനെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച്, ചില അനുയായികള്‍ സുബൈറിനെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് പൊലീസ് ഇപ്പോള്‍ നടപടികള്‍ കടുപ്പിക്കുന്നത്.